Friday, June 12, 2015

ജന്യരാഗലക്ഷണങ്ങള്‍


72 മേളകര്‍ത്താരാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ജനിക്കുന്ന രാഗങ്ങളെ ജന്യരാഗങ്ങള്‍ എന്നു പറയുന്നു. ഇവ നാലു തരം ആണു്

ഉപാംഗരാഗം

മേളകര്‍ത്താരാഗത്തിലെ സ്വരസ്ഥാനങ്ങള്‍ മാത്രം ഉപയൊഗിക്കുന്നു. ഉദാഃ മോഹനം, ഹിന്ദോളം, ആരഭി

ഭാഷാംഗരാഗം

ജനകരാഗങ്ങളില്‍ ഉള്ള സ്വരങ്ങള്‍ കൂടാതെ അതില്‍ ഇല്ലാത്ത ഒന്നോ രണ്ടോ അന്യസ്വരങ്ങള്‍ ഉപയോഗിക്കുന്നു. ഉദാഃ കാംബോജി, ബിലഹരി. എന്നിരുന്നാലും സ്വകീയസ്വരങ്ങളേക്കാള്‍ വളരെ കുറച്ചു മാത്രമേ അന്യസ്വരങ്ങള്‍ പ്രയോഗിക്കാറുള്ളു.
വര്‍ജ്ജ്യരാഗങ്ങള്‍

ജനകരാഗങ്ങളിലെ ചില സ്വരങ്ങള്‍ വര്‍ജ്ജ്യമായി രൂപപ്പെടുത്തിയ രാഗങ്ങള്‍

1
ആരോഹണവര്‍ജ്ജ്യരാഗങ്ങള്‍ :
ആരോഹണത്തില്‍ ഒന്നോ രണ്ടോ സ്വരങ്ങള്‍ ഇല്ലാതെയും അവരോഹണത്തില്‍ സമ്പൂര്‍ണ്ണമായും സ്വരങ്ങള്‍ വരുന്ന രാഗങ്ങള്‍. ഉദാഃ സാവേരി, ബിലഹരി

2
അവരോഹണവര്‍ജ്ജ്യരാഗങ്ങള്‍ :
ആരോഹണം സമ്പൂര്‍ണ്ണമായും അവരോഹണത്തില്‍ ഒന്നോ രണ്ടോ സ്വരങ്ങള്‍ ഇല്ലാതെയും വരുന്ന രാഗങ്ങള്‍. ഉദാഃ ഗരുഡധ്വനി

3
ഉഭയവര്‍ജ്ജ്യരാഗങ്ങള്‍ :
ആരോഹണത്തിലും അവരോഹണത്തിലും ഒന്നോ രണ്ടോ സ്വരങ്ങള്‍ ഇല്ലാതെ വരുന്ന രാഗങ്ങളാണു് ഇവ. ഉദാഃ വലചി, ആന്ദോളിക

4
ഔഡവരാഗങ്ങള്‍ :
ആരോഹണത്തിലും അവരോഹണത്തിലും അഞ്ചു സ്വരങ്ങള്‍ വീതം വരുന്ന രാഗങ്ങള്‍. ഉദാഃ മദ്ധ്യമാവതി, രേവഗുപ്തി, ശിവരഞ്ജനി, മോഹനം, ഭൂപാളം, ഹിന്ദോളം, രഞ്ജിനി,

5
ഷാഡവരാഗങ്ങള്‍ :
ആരോഹണത്തിലും അവരോഹണത്തിലും ആറു സ്വരങ്ങള്‍ വീതം വരുന്ന രാഗങ്ങള്‍. ഉദാഃ ഹംസാനന്ദി, ലളിത

വക്രരാഗങ്ങള്‍

ആരോഹണത്തിലോ അവരോഹണത്തിലോ രണ്ടുമിലോ സ്വരങ്ങള്‍ ക്രമം തെറ്റി വരുന്ന രാഗങ്ങള്‍. ഈ ക്രമം തെറ്റിവരുന്നതു ആരോഹണത്തിലാണെങ്കില്‍ ആരോഹണവക്രരാഗങ്ങള്‍ എന്നും അവരോഹണത്തിലാണെങ്കില്‍ അവരോഹണവക്രരാഗങ്ങള്‍ എന്നും ആരോഹണത്തിലും അവരോഹണത്തിലും ആണെങ്കില്‍ ഉഭയവക്രരാഗങ്ങള്‍ എന്നും പറയുന്നു

സ്വരങ്ങളുടെ എണ്ണം ആസ്പദമാക്കിയുള്ള രാഗ വര്‍ഗ്ഗീകരണം

1
സമ്പൂര്‍ണ്ണ ഷാഡവം :
ആരോഹണത്തില്‍ ഏഴു സ്വരങ്ങളും അവരോഹണത്തില്‍ ആറു സ്വരങ്ങളും
ഉദാഃ ഭൈരവം, 17-ല്‍ ജന്യം. സരിഗമപധനിസ സധപമഗരിസ

2
സമ്പൂര്‍ണ്ണ ഔഡവം :
ആരോഹണത്തില്‍ ഏഴു സ്വരങ്ങളും അവരോഹണത്തില്‍ അഞ്ചു സ്വരങ്ങളും
ഉദാഃ ഗരുഢധ്വനി, 29-ല്‍ ജന്യം.സരിഗമപധനിസ സധപഗരിസ

3
ഷാഡവ സമ്പൂര്‍ണ്ണ രാഗങ്ങള്‍ :
ആരോഹണത്തില്‍ ആറു സ്വരങ്ങളും അവരോഹണത്തില്‍ ഏഴു സ്വരങ്ങളും
ഉദാഃ കാംബോജി

4
ഔഡവ സമ്പൂര്‍ണ്ണ രാഗങ്ങള്‍ ;
ആരോഹണത്തില്‍ അഞ്ചു സ്വരങ്ങളും അവരോഹണത്തില്‍ ഏഴു സ്വരങ്ങളും
ഉദാഃ ബിലഹരി, സാവേരി, ആഭേരി

5
ഷാഡവ ഷാഡവ രാഗങ്ങള്‍ :
ആരോഹണത്തിലും അവരോഹണത്തിലും ആറു സ്വരങ്ങള്‍ വീതം
ഉദാഃ ശ്രീരഞ്ചനി, ഹംസാനന്ദി, ലളിത


6
ഔഡവ ഔഡവ രാഗങ്ങള്‍ :
ആരോഹണത്തിലും അവരോഹണത്തിലും അഞ്ചു സ്വരങ്ങള്‍ വീതം
ഉദാഃ മദ്ധ്യമാവതി, രേവഗുപ്തി, ശിവരഞ്ജനി, മോഹനം, ഭൂപാളം, ഹിന്ദോളം, രഞ്ജിനി,


7
ഷാഡവ ഔഡവ രാഗങ്ങള്‍ :
ആരോഹണത്തില്‍ ആറു സ്വരങ്ങളും അവരോഹണത്തില്‍ അഞ്ചു സ്വരങ്ങളും
ഉദാഃ ബഹുദാരി

8
ഔഡവ ഷാഡവ രാഗങ്ങള്‍ :
ആരോഹണത്തില്‍ അഞ്ചു സ്വരങ്ങളും അവരോഹണത്തില്‍ ആറു സ്വരങ്ങളും
ഉദാഃ മലഹരി

അന്ത്യസ്വരത്തെ അടിസ്ഥാനപ്പെടുത്തിയ രാഗവര്‍ഗ്ഗീകരണം

1
നിഷാന്ത്യ രാഗങ്ങള്‍ :
മന്ദ്രസ്ഥായി നിഷാദം മുതല്‍ മദ്ധ്യസ്ഥായി നിഷാദം വരെ മാത്രം സ്വരസഞ്ചാരമുള്ള രാഗങ്ങള്‍
ഉദാഃ നാഥനാമക്രിയ, നിസരിഗമപധനി നിധപമഗരിസനി

2
ധൈവാന്ത്യ രാഗങ്ങള്‍ :
മന്ദ്രസ്ഥായി ധൈവതം മുതല്‍ മദ്ധ്യസ്ഥായി ധൈവതം വരെ മാത്രം സ്വരസഞ്ചാരമുള്ള രാഗങ്ങള്‍
ഉദാഃ കുറിഞ്ഞി

3
പഞ്ചമാന്ത്യ രാഗങ്ങള്‍ :
മന്ദ്രസ്ഥായി പഞ്ചമം മുതല്‍ മദ്ധ്യസ്ഥായി പഞ്ചമം വരെ മാത്രം സഞ്ചാരമുള്ള രാഗങ്ങള്‍
ഉദാഃ നവറോജ്

രാഗങ്ങളുടെ സ്വഭാവം അടിസ്ഥാനപ്പെടുത്തിയ രാഗവര്‍ഗ്ഗീകരണം

1
ഘനരാഗങ്ങള്‍ :
മദ്ധ്യമകാലങ്ങളില്‍ പാടുമ്പോള്‍ രാഗത്തിന്റെ തനതു ഭാവം വളരെയധികം സ്പഷ്ടമാകുന്ന രാഗങ്ങള്‍
ഉദാഃ നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം. ഇവയെ ഘനപഞ്ചമം എന്നു ചേര്‍ത്തു പറയുന്നു. ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകീര്‍ത്തനങ്ങള്‍ ഈ ഘന പഞ്ചമത്തിലാണു രചിക്കപ്പെട്ടിരിക്കുന്നതു്.

2
നയരാഗം :
വിളംബരകാലത്തില്‍ അല്ലെങ്കില്‍ ചൗക്കകാലത്തില്‍ രാഗം വിസ്തരിക്കുമ്പോള്‍ അവയുടെ തനതു സ്വഭാവം കൂടുതല്‍ വെളിവാക്കുന്ന രാഗങ്ങള്‍ ആണിവ. ഇവയെ രക്തിരാഗങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നു.
ഉദാഃ ഭൈരവി, തോടി, കാംബോജി മുതലായ മുഖ്യരാഗങ്ങളാണു ഈ വിഭാഗത്തില്‍ പെടുന്നവ

3
ദേശീയരാഗം :
ആലാപനവേളയില്‍ തന്നെ വളരെ വേഗത്തില്‍ രാഗഛായ സ്പഷ്ടമാവുന രാഗങ്ങളാണു ഇവ.
ഉദാഃ കാപ്പി, സിന്ധുഭൈരവി

.